അവിടെ നിന്നും പകർത്തിയ ചില ചിത്രങ്ങൾ...
Monday, November 15, 2010
Pandalam
പന്തളം കുളനടയില്‍ അനുജത്തി ശ്രീജയെ അയച്ചയിടത്ത് രണ്ടു ദിവസം താമസിയ്ക്കാനായി ഞാനും എന്റെ അമ്മാവന്റെ മകന്‍ ദേവനും കൂടി ചെന്നിരുന്നു. പിറ്റേന്ന് രാവിലെ ഞങ്ങള്‍ അനുജത്തിയോടൊപ്പം അടുത്തുള്ള ക്ഷേത്രങ്ങളില്‍ പോയിരുന്നു. മഠത്തിന്റെ സമീപത്തു തന്നെയാണ് കൈപ്പുഴ കൃഷ്ണക്ഷേത്രം. അവിടെ നിന്നും നടന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി. ശബരിമല തീർഥാടന കാലത്ത് അയ്യപ്പന്മാരുടെ പ്രധാന ഇടത്താവളമാണ് തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള ഈ ശാസ്താക്ഷേത്രം. എല്ലാ വർഷവും മകരസംക്രാന്തിയ്ക്ക് മൂന്നു നാൾ മുൻപ് (ധനു 28) ശബരിമലയിലേയ്ക്കുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിയ്ക്കുന്നത് ഇവിടെ നിന്നുമാണ്. ഈ ക്ഷേത്രം കാഴ്ചയിൽ ചെറുതാണെങ്കിലും ഐശ്വര്യവും ചൈതന്യവും നിറഞ്ഞു നിൽക്കുന്നതാണ്. ശ്രീകോവിലിന്റെ പുറം ചുവരിലെ പുരാതന ചിത്രകലകൾ ശ്രീ അയ്യപ്പന്റെ ജീവിതചരിത്രം വിളിച്ചോതുന്നു. ഇന്ന് ഒട്ടും തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും അടുത്ത ആഴ്ച മുതൽ (വൃശ്ചിക മാസാരംഭം) ശ്വാസം വിടാൻ പറ്റാത്ത തരത്തിൽ തിരക്കുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ക്ഷേത്രത്തോടു ചേർന്നാണ് അയ്യപ്പൻ കളിച്ചു വളർന്ന ചരിത്ര പ്രസിദ്ധമായ പന്തളം കൊട്ടാരം. നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഈ കൊട്ടാരം സന്ദർശിയ്ക്കാൻ സാധിച്ചില്ല. പുണ്യനദിയായ അച്ചൻകോവിലാറിന്റെ തീരത്താണ് ക്ഷേത്രവും കൊട്ടാരവും സ്ഥിതിചെയ്യുന്നത്. മറ്റൊരവസരത്തിൽ കൊട്ടാരം സന്ദർശിക്കാമെന്നുള്ള പ്രതീക്ഷയിൽ തിരികെ മഠത്തിലേയ്ക്കു നടന്നു.
അവിടെ നിന്നും പകർത്തിയ ചില ചിത്രങ്ങൾ...







അവിടെ നിന്നും പകർത്തിയ ചില ചിത്രങ്ങൾ...
Subscribe to:
Posts (Atom)