Wednesday, March 23, 2011

പാക്കം യാത്ര

പുല്പള്ളി-മാനന്തവാടി റോഡിലുള്ള 'പാക്കം' എന്ന സ്ഥലത്തേയ്ക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. അവിടെ കാടിനു നടുവിലുള്ള പാക്കംകോട്ട ക്ഷേത്രത്തിൽ ഏട്ടൻ പൂജയ്ക്കു പോയപ്പോൾ ഞാനും കൂടെ പോയതാണ്‌. ഇരുപതു മിനിട്ടോളം കാട്ടിലൂടെയുള്ള യാത്ര വളരെ രസകരമായിരുന്നു.
  പ്രധാന റോഡിൽ നിന്നും കുറച്ചു ദൂരത്തേയ്ക്ക്‌ കരിങ്കല്ലു പാകിയ ഒരു വഴിയുണ്ട്‌. പുല്ലു മേഞ്ഞ ആദിവാസിക്കുടിലുകളുടെ ഇടയിലൂടെയാണ്‌ ആ പാത പോകുന്നത്‌. ഒരു വീട്ടുമുറ്റത്ത്‌ നാലഞ്ചുപേർ ചേർന്ന്‌ ഒരു പശുവിനെയോ മറ്റോ വെട്ടി മുറിച്ച്‌ തോൽ പൊളിച്ചിട്ടിരിയ്ക്കുന്നതു കണ്ടു. ഞായറാഴ്ച്ച ആഘോഷിയ്ക്കുകയാണ്‌‌. അതു കണ്ടില്ലെന്നു നടിച്ച്‌ മുന്നോട്ടു നടന്നു. കുറച്ചു ദൂരം ചെന്ന്‌ കരിങ്കൽപാത അവസാനിച്ചു, കുടിലുകളും. പിന്നെ കാട്‌ തുടങ്ങുന്നു. മുന്നിൽ, കയറ്റങ്ങളും ഇറക്കങ്ങളുമായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന കാട്ടുവഴി. വർഷങ്ങളുടെ പഴക്കമുള്ള മുളങ്കാടുകൾ ഒട്ടുമിയ്ക്കതും കടപുഴകിയും അല്ലാതെയും ഉണങ്ങിക്കരിഞ്ഞു നിൽക്കുന്ന കാഴ്ച്ച കണ്ടപ്പോൾ സങ്കടം തോന്നി. പക്ഷെ വൻ‍മരങ്ങൾ എല്ലാംതന്നെ പച്ചപ്പു മാറാതെ നിൽക്കുന്നുണ്ടായിരുന്നു. കിളികളുടെയും ചീവീടുകളുടെയും സംഗീതം ആസ്വദിച്ചുകൊണ്ട്‌ ഞങ്ങൾ നടന്ന്‌ ഉൾക്കാട്ടിൽ പ്രവേശിച്ചു. വെയിൽ ഇറങ്ങിവരാൻ മടിയ്ക്കുന്ന ഉഗ്രൻ കാട്‌. കരിയിലകൾ വിരിച്ച മെത്തയ്ക്കു മുകളിലൂടെ കുറേ ദൂരം നടന്ന്‌ ഒടുവിൽ പാക്കംകോട്ട ക്ഷേത്രത്തിലെത്തി.
        മരങ്ങളില്ലാത്ത വിശാലമായ ഒരിടത്ത്‌, ഉണക്കയിലകൾ തൂത്തുമാറ്റി വൃത്തിയാക്കി, ചുറ്റും മുളവേലികെട്ടിയ ഒരു ചെറിയ ക്ഷേത്രം. പഴശ്ശിരാജാവിന്റെ സഹായികളായി ഒരുകാലത്ത്‌ വർത്തിച്ച കുറുമരുടെ ക്ഷേത്രമാണിത്‌. അന്ന്‌ വളരെ പ്രശസ്തവും ചൈതന്യവത്തുമായിരുന്ന ഈ പുണ്യസങ്കേതം ഇന്ന്‌ പ്രതാപം നഷ്ടപ്പെട്ട്‌ നാശോന്മുഖമായിരിയ്ക്കുന്നു. ഈ ക്ഷേത്രത്തിന്‌ മൂന്നു ശ്രീകോവിലുകൾ - ദേവി, ശിവൻ, പിന്നെ മൂന്നാമത്തേതിൽ വിഷ്ണുവും അരികിൽ വിഘ്നേശ്വരനും. മണ്ണും കല്ലുകളും കൊണ്ടു വലിയ കൂനകൾ കൂട്ടി അതിനു മുകളിലാണ്‌ പ്രതിഷ്ഠകൾ. പ്രത്യേക രൂപമൊന്നുമില്ലാത്ത ഈ കരിങ്കല്ലുകളിലും ഈശ്വരചൈതന്യം ദർശിയ്ക്കുന്ന ഭാരതീയ പൈതൃകത്തിന്റെ മറ്റൊരു ദൃഷ്ടാന്തം. "വിശേഷേണ ഗ്രഹിയ്ക്കേണ്ട" രൂപമുള്ളത്‌ (വിഗ്രഹമുള്ളത്‌) ഗണപതിയ്ക്കു മാത്രം. വശങ്ങൾ മുളക്കീറുകൾ കൊണ്ടു മറച്ച്‌ മുകളിൽ ഓടിട്ടവയായിരുന്നു ഈ ശ്രീകോവിലുകൾ. മാസത്തിൽ രണ്ടു ദിവസം പൂജ. തൊഴാൻ വരുന്ന പാവപ്പെട്ട കുറുമരുടെ കണ്ണുകളിൽ ഭക്തിയുടെ തിരയിളക്കം. പൂജ കഴിഞ്ഞ്‌ അവിടെ നിന്നും മടങ്ങുമ്പോൾ ഒരുവശത്ത്‌ അവർ നിവേദ്യച്ചോറ്‌ സാമ്പാറുപൊടിയും ഉപ്പും കൂട്ടി സ്വാദോടെ ഭക്ഷിയ്ക്കുന്നുണ്ടായിരുന്നു.
ദശാബ്ദങ്ങൾ പ്രായമുള്ള ഒരു മരത്തിനു കീഴെ രമേശേട്ടൻ.









പച്ചപ്പുതപ്പിനു കീഴെ..


പാക്കം കോട്ട ക്ഷേത്രം





ശ്രീകോവിൽ - ദേവി



ശ്രീകോവിൽ - ശിവൻ


ശ്രീകോവിൽ - വിഷ്ണുവും ഗണപതിയും








No comments:

Post a Comment